ജോലി സമയം കഴിഞ്ഞു; ബിഹാറില്‍ എക്സ്പ്രസ് ട്രെയിൻ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ്
പാറ്റ്ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയില്‍ നിർത്തിയിട്ടതിനെത്തുടർന്ന് ബിഹാറില്‍ യാത്രക്കാർ വലഞ്ഞു.ബിഹാറിലെ ബറൂണി-ലക്നോ എക്സ്പ്രസ് ട്രെയിനാണ് മൂന്ന് മണിക്കൂറോളം വഴിയില്‍ കുടുങ്ങിയത്.
തന്റെ ഒമ്പത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചെന്നും ഇനി ട്രെയിൻ ഓടിക്കാനാവില്ലെന്നും പൈലറ്റ് നിലപാടെടുത്തതോടെയാണ് സംഭവം. ബിഹാറിലെ ഒരു ചെറിയ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് പിന്മാറിയ വിവരം അറിയുന്നത്.
റെയില്‍വേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഒടുവില്‍ റെയില്‍വേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
