Latestകേരളം

മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയില്‍പ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം :അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയില്‍പ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം.ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് – വെള്ളേരി മൂത്തേനില്‍ കുറ്റിപ്പറവൻ ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10ന് കുട്ടിയുടെ അമ്മ വെള്ളേരിയില്‍ ലബീബയുടെ വീട്ടിലാണ് അപകടം ഉണ്ടായത്.

പിന്നില്‍ ചരക്ക് കയറ്റുന്ന ജീപ്പ് തലയിലൂടെ കയറിയാണ് മരണം. അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണം.

സാരമായി പരിക്കേറ്റ കുട്ടിയെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപാണ് ലബീബയും കുഞ്ഞും വെള്ളേരിയിലെ വീട്ടിലേക്ക് വിരുന്ന് വന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഊർങ്ങാട്ടിരി മൂർക്കനാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍ മറവുചെയ്തു.