Latestകേരളം

ചികിത്സാപ്പിഴവില്‍ കൈ മുറിച്ച സംഭവം;21 വയസ് വരെ കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം: ഹൈക്കോടതി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും തുടർചികിത്സയും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നല്‍കിയത്. കുട്ടിക്ക് കൈ നഷ്ടമായത് ഭാവിയില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യതകളെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ സ്വദേശി പി.ഡി. ജോസഫ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ ആശുപത്രിയിലെ ചികിത്സാപിഴവിന്റെ ഇരയാണ് കുട്ടിയെന്ന് കോടതി വിലയിരുത്തി.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതില്‍ ഒരാളെ തിരിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും അതിനെതിരെ അപ്പീല്‍ നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഉത്തരവാദികളായ ജീവനക്കാരെതിരെ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ കുട്ടികളുടെ ഒടിവുകള്‍ക്ക് ചികിത്സ നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.