Latestകേരളം

മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ചു

പാ ലക്കാട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ മംഗ്ളൂരില്‍ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് നടത്തുന്ന രണ്ട് പ്രധാന ട്രെയിനുകളില്‍ ദക്ഷിണ റെയില്‍വേ താല്‍ക്കാലികമായി അധിക കോച്ചുകള്‍ അനുവദിച്ചു.സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) ബി ദേവദാനമാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. അവധിക്കാല തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്‌ വീതം അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാവേലി എക്സ്പ്രസിലെ മാറ്റങ്ങള്‍

മംഗ്ളൂർ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മാവേലി എക്സ്പ്രസില്‍ (ട്രെയിൻ നമ്പർ 16603/16604) ഒരു അധിക സ്ലീപ്പർ കോച്ച്‌ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മംഗ്ളൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനില്‍ (16604) 2026 മാർച്ച്‌ 28 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 08 ബുധനാഴ്ച വരെയാണ് ഈ സൗകര്യം ലഭ്യമാകുക. തിരുവനന്തപുരം സെൻട്രലില്‍ നിന്നും മംഗ്ളൂരിലേക്ക് പോകുന്ന ട്രെയിനില്‍ (16603) 2026 മാർച്ച്‌ 29 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 09 വ്യാഴാഴ്ച വരെയും ഈ അധിക കോച്ചുണ്ടാകും.

പുതിയ മാറ്റത്തോടെ മാവേലി എക്സ്പ്രസിലെ ആകെ കോച്ചുകളുടെ എണ്ണം 23 ല്‍ നിന്നും 24 ആയി വർദ്ധിച്ചു. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടു ടയർ കോച്ച്‌, ഒരു എസി ടു ടയർ കോച്ച്‌, അഞ്ച് എസി ത്രീ ടയർ കോച്ചുകള്‍, പത്ത് സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, അഞ്ച് സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദമായത്) എന്നിവയാണ് പുതുക്കിയ കോച്ച്‌ ഘടനയിലുള്ളത്. നേരത്തെ ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് ഈ ട്രെയിനിലുണ്ടായിരുന്നത്.

മലബാർ എക്സ്പ്രസിലെ സൗകര്യം

മംഗ്ളൂർ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മലബാർ എക്സ്പ്രസിലും (ട്രെയിൻ നമ്പർ 16630/16629) സമാനമായ രീതിയില്‍ ഒരു സ്ലീപ്പർ കോച്ച്‌ അധികമായി അനുവദിച്ചിട്ടുണ്ട്. മംഗ്ളൂരില്‍ നിന്നുള്ള സർവീസില്‍ (16630) 2026 മാർച്ച്‌ 26 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 06 തിങ്കളാഴ്ച വരെയാണ് അധിക കോച്ചിൻ്റെ സേവനം യാത്രക്കാർക്ക് ലഭിക്കുക. തിരുവനന്തപുരം സെൻട്രലില്‍ നിന്നുള്ള സർവീസില്‍ (16629) 2026 മാർച്ച്‌ 27 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 07 ചൊവ്വാഴ്ച വരെയും ഈ സൗകര്യം ലഭ്യമാകും.

അധിക കോച്ച്‌ ഘടിപ്പിക്കുന്നതോടെ മലബാർ എക്സ്പ്രസിലും ആകെ കോച്ചുകളുടെ എണ്ണം ഇരുപത്തിനാലായി വർദ്ധിക്കും. സ്ലീപ്പർ ടിക്കറ്റുകള്‍ വേഗത്തില്‍ തീർന്നുപോകുന്ന സാഹചര്യത്തില്‍ ദീർഘദൂര യാത്രക്കാർക്കും സാധാരണക്കാർക്കും റെയില്‍വേയുടെ ഈ തീരുമാനം ഏറെ സഹായകമാകും.