Latestദേശീയം

കുടുംബതര്‍ക്കം,വയോധികൻ ഭാര്യയെയും മരുമകളെയും പേരക്കുട്ടിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

ഒഡീഷയിലെ ദേവ്ഗഡ് ജില്ലയില്‍ കുടുംബതർക്കത്തെത്തുടർന്ന് വയോധികൻ ഭാര്യയെയും മരുമകളെയും നാല് വയസ്സുകാരിയായ പേരക്കുട്ടിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു.

ഗരിയപാലി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒളിവില്‍ പോയ പ്രതി രമേഷ് ഗരിയയ്ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.

പ്രതിയായ രമേഷ് ഗരിയയും ഭാര്യ ഗുല്‍ ഗരിയയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഭയന്ന ഗുല്‍ സഹായത്തിനായി മരുമകള്‍ ലിപി മഹാകുലിന്റെ അടുത്തേക്ക് ഓടിച്ചെന്നു.

എന്നാല്‍ പ്രകോപിതനായ രമേഷ് ചുറ്റികയുമായി പിന്തുടർന്ന് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരുമകളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം നാല് വയസ്സുകാരിയായ പേരക്കുട്ടി ഇഷാനിയെയും ഇയാള്‍ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. സംഭവസമയത്ത് വീട്ടിലില്ലാതിരുന്ന രമേഷിന്റെ മകൻ ധീരൻ ഗരിയ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ദേവ്ഗഡ് എസ്പി അനില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.