കരിയറില്‍ ശ്രദ്ധിക്കാൻ പറഞ്ഞതിന് ഇരട്ട സഹോദരിയെ 25കാരൻ കുത്തിക്കൊന്നു;
കരിയറില്‍ ശ്രദ്ധിക്കാൻ പറഞ്ഞതിന് ഇരട്ട സഹോദരിയെ യുവാവ് കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവമുണ്ടായത്.25കാരനായ ഹാർദിക്കാണ് തന്‍റെ സഹോദരി ഹിമാൻഷികയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നത്. ജോലി സ്ഥലത്തുനിന്ന് വിളിച്ചുവരുത്തി അമ്മയേയും ആക്രമിച്ചു.
എൻജീനീയറായ ഹാർദിക് കുറച്ചുനാളായി ഗുരുഗ്രാമില്‍ ജോലി നോക്കുകയായരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് സാമൂഹിക മാധ്യമത്തില്‍ സജീവമാകാൻ തുടങ്ങി. ഇതോടെ ഹാർദിക്കിന്‍റെ പെരുമാറ്റത്തിലും വലിയ രീതിയില്‍ മാറ്റമുണ്ടായി. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പൂനെയില്‍ നിന്നുള്ള മുസ്ലീം യുവതിയുമായി പ്രണയത്തിലാവുകയും വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നു എന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
എംബിഎ വിദ്യാർഥിയായിരുന്ന ഹിമാൻഷികയും അമ്മയും നീലിമയും ഹാർദിക്കിനെ ഉപദേശിക്കുകയും കരിയറില്‍ ശ്രദ്ധിക്കാൻ പറയുകയും ചെയ്തു. മാർച്ച് ആറിന് ഇതിന്‍റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി. ഇതിന്‍റെ ദേഷ്യത്തില്‍ കറിക്കത്തിയെടുത്ത് ഹാർദിക് സഹോദരിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അമ്മ ജോലി ചെയ്യുന്ന സ്ഥലത്തെത്തി വേഗം വീട്ടില്‍ ചെല്ലാനും താനൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അമ്മയെ അറിയിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ അമ്മയേയും ഹാർദിക് ആക്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തു. സംഭവത്തില്‍ ഹാർദിക് അറസ്റ്റിലായി.
