നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി 2വിന്റെ ഉത്തരവ്.നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്.
കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോണ്‍ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചിരുന്നത്.
പ്രശാന്തൻ ഗോള്‍ഡ് ലോണ്‍ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നല്‍കിയതെന്ന ആരോപണത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണ റിപ്പോർട്ട് മെയ് 30നകം ഹാജരാക്കണം.
