ചൂട് കൂടുന്നു; നാലിടത്ത് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4 സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും 7 സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം കളമശ്ശേരി, തൃശ്ശൂർ ഒല്ലൂർ, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി , കോഴിക്കോട് ബേപ്പൂർ, വയനാട് മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വെയില് കടുക്കുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
