കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടികളുമായി ജില്ലാ പഞ്ചായത്ത്. ടിപിആര്‍ അഞ്ചിനു താഴേക്ക് കൊണ്ടുവരുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം നിര്‍ദ്ദേശം നല്‍കി.


നിലവില്‍ ജില്ലയുടെ ടിപിആര്‍ 10.2 ആണെങ്കിലും ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ ഇത് 10 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുള്ളൂ. ബാക്കി ഇടങ്ങളില്‍ താരതമ്യേന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. സ്വകാര്യ ലാബുകളില്‍ നിന്ന് ടെസ്റ്റ് നടത്തുന്ന കേസുകളില്‍ നെഗറ്റീവ് കേസുകള്‍ മാത്രം പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നത് ടിപിആര്‍ നിരക്ക് കൂടാന്‍ കാരണമാവുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനാല്‍ പരിശോധന നടത്തുന്ന മുഴുവന്‍ കേസുകളും കൃത്യമായി അപ് ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.

അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കുന്ന ലോക്ക് ഡൗണ്‍ ഇളവില്‍ ടിപിആര്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങളുണ്ടാവാമെന്നതിനാല്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങിയവരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്താന്‍ സംവിധാനമൊരുക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വാക്സിന്‍ ഡോസുകള്‍ മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദ്ദേശിച്ചു. അതിനായി റാപിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ ഗുണഭോക്തൃപട്ടിക തയ്യാറാക്കണം. വിതരണ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കി വേണം വിതരണ കേന്ദ്രത്തില്‍ എത്തിക്കാനെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ കൃത്യമായ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കണം. ഇതിനായി സ്‌കൂളുകളും ബിആര്‍സിയുമായി ബന്ധപ്പെട്ട് ശരിയായ കണക്കെടുപ്പ് നടത്തണം.

നിലവിലെ പട്ടികയിലുള്ളവര്‍ അര്‍ഹരാണെന്ന് ഉറപ്പുവരുത്തി വേണം അന്തിമ പട്ടിക തയ്യാറാക്കാനെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
യോഗത്തില്‍ വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഡിഡിപി ഷാജി ജോസഫ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.