കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് കോര്‍പ്പറേഷന്റെ കൈത്താങ്ങായി ‘വിദ്യാമിത്രം’ പദ്ധതി
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിന് വിദ്യാമിത്രം എന്ന പേരില്‍ പദ്ധതി ആരംഭിക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചു.
ഏറ്റവും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. സ്കൂളുകളുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
ഇവര്‍ക്ക് മൊബൈല്‍ ഫോണോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ ലഭ്യമാക്കുന്നതിന് കോര്പ്പറേഷന് സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായം തേടും. ഇതിനായി കോര്പ്പറേഷന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി.. പദ്ധതിയിലേക്ക് കൗണ്‍സിലര്‍മാര്‍ അവരുടെ ഓണറേറിയത്തില്‍ നിന്ന് ഒരു വിഹിതം നല്‍കും .ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി
ഡി ഇ ഒ യുടെയും, എ ഇ ഒ മാരുടെയും യോഗം മേയര്‍ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ കോര്പ്പറേഷന് ഓഫീസില്‍
ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് കണക്ടിവിറ്റി ലഭിക്കാത്ത കാര്യങ്ങള്‍ സംബന്ധിച്ച് പരാതിപ്പെടാന്‍ കോര്പ്പറേഷന് നേരത്തെ സംവിധാനം ഒരുക്കിയിരുന്നു ഇതിലേക്കായി നിരവധി പരാതികളാണ് ലഭിച്ചത്.
സിഗ്നല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സേവനദാതാക്കളുടെ യോഗം ഈ മാസം 17 ന് വൈകീട്ട് മൂന്നുമണിക്ക് കോര്പ്പറേഷന് ഓഫീസില്‍ വിളിച്ചു ചേര്‍ത്തതായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര് അറിയിച്ചു.