കൊവിഡ് വാര്‍ഡുകളില്‍ തിരക്കൊഴിയുന്നു; തലശ്ശേരി ആശുപത്രിയില്‍ കൊവിഡ് ഇതര ഒപികള്‍ പുനരാരംഭിച്ചു

ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ കൊവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു. ഇതോടെ പതുക്കെ ആശുപത്രികളില്‍ കൊവിഡ് ഇതര ചികിത്സ പൂര്‍വ്വ സ്ഥിതിയിലേക്ക് വരികയാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഒപികള്‍ പുനരാരംഭിച്ചു.
ശസ്ത്രക്രിയകള്‍ ഒഴികെ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സാധാരണ നിലയിലേക്ക് എത്തും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കായി 198 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. ഇതില്‍ ഇപ്പോള്‍ 46 രോഗികള്‍ മാത്രമാണ് ഉള്ളത്.

ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണത്തിലും ഇതിനനുസരിച്ചു കുറവുണ്ട്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 486 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ മൊത്തം 838 സാധാരണ കിടക്കകള്‍ ഉള്ളതില്‍ 248ല്‍ മാത്രമേ രോഗികളുള്ളൂ. 136 ഐസിയു കിടക്കകളില്‍ 103 പേരാണ് ചികിത്സയിലുള്ളത്.

60 വെന്റിലേറ്ററില്‍ 35 എണ്ണത്തിലാണ് രോഗികള്‍.
അഞ്ച് സിഎസ്എല്‍ടിസികളിലായി ആകെ 239 കിടക്കകള്‍ ഉണ്ട്. ഇതില്‍ 62 പേര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒമ്പത് സിഎഫ്എല്‍ടിസികളില്‍ 629 കിടക്കകള്‍ ഉള്ളതില്‍ 77ല്‍ മാത്രമാണ് രോഗികള്‍ ഉള്ളത്.ഡോമിസിലറി കെയര്‍ സെന്ററില്‍ 779 കിടക്കകളുണ്ട്. ഇതില്‍ നിലവില്‍ ഉപയോഗിക്കുന്നത് 34 മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നുണ്ട്.