വികസനത്തിലേക്ക് വഴിതുറന്ന് അഴീക്കലില്‍ നിന്ന് ചരക്കുകപ്പല്‍ സര്‍വീസിന് തുടക്കമായി
കൊച്ചിയിലേക്കുള്ള ആദ്യ കപ്പല്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. ഇന്നലെ തുറമുഖത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ്ഓഫും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മലേഷ്യയിലേക്കുള്ള വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന്റെ എട്ടെണ്ണം ഉള്‍പ്പെടെ ഒന്‍പത് കണ്ടെയിനറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ കപ്പലാണ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. അഴീക്കലില്‍ നിന്ന് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിച്ചതോടെ നാടിന്റെ വികസനത്തില്‍ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങില്‍ അധ്യക്ഷനായി. അഴീക്കല്‍ തുറമുഖത്തേക്ക് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രകമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
തിരക്കേറിയ റോഡിലൂടെയുള്ള കണ്ടെയിനര്‍ ലോറികളില്‍ ചരക്കുകള്‍ കൊണ്ടുവരുന്നതിനു പകരം കപ്പല്‍ സര്‍വീസ് ആരംഭിച്ചതോടെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചരക്കുനീക്കം എളുപ്പവും ചെലവുകറഞ്ഞതുമാവും. ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാനായാല്‍ അതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്കും ലഭിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു തുറമുഖ വികസനത്തിനായുള്ള ഭൂമിഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മുന്‍കൈ എടുത്ത കെ വി സുമേഷ് എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.
കേരള തീരത്ത് ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള മാരിടൈം ബോര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായി ജെഎം ബക്‌സിയുടെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റിന്റെ ചരക്കു കപ്പലാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ സര്‍വീസ് നടത്തിയത്. ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഹോപ് സെവന്‍ നടത്തുക. ജൂലൈ ഏഴിനായിരിക്കും അടുത്ത സര്‍വീസ്.
എംഎല്‍എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. ടി സരള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി താഹിറ, വാര്‍ഡ് മെംബര്‍ കെ സി ഷദീറ, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു, അംഗങ്ങളായ അഡ്വ. മണിലാല്‍, അഡ്വ. എം കെ ഉത്തമന്‍, സിഇഒ ടി പി സലീം കുമാര്‍, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായ-വ്യപാര പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.