ജില്ലയില്‍ 16 വരെ യെല്ലോ അലര്‍ട്ട്, കനത്ത കാറ്റിന് സാധ്യത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ജില്ലയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 16 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജൂലൈ 14 മുതല്‍ 16 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണിത്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.