ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും.
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഗഡ്‌ലോദിയ മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്.
വിജയ് രൂപാണിക്ക് പകരക്കാരന്‍ ആരെന്ന ചോദ്യം കേന്ദ്രനേതൃത്വം ഇന്നലെ തന്നെ എം.എല്‍.എ മാര്‍ക്ക് മുന്നില്‍ വച്ചിരുന്നു. സന്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ നേരിട്ട് അറിയിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഭൂരിഭാഗം പേരും ഭൂപേന്ദ്ര പട്ടേലിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതെന്നാണ് സൂചന.
ഇന്നലെയായിരുന്നു വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.