രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,674 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,674 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ 559 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടയിൽ 49,082 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. രാജ്യത്ത് ഇതുവരെ 1,26,121 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.

5,12,665 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 3,967 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതുവരെ 11,77,36,791 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 11,94,487 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ അറിയിച്ചു.