തൃശൂരിൽ ചരക്ക് ട്രെയിന്‍ പാളം തെറ്റി.

തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതോടെ പ്രദേശത്ത് ട്രെയിന്‍ ഗതാഗതം ഒരു വരിയിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍- എറണാകുളം റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഇതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ജനശതാബ്ദിയും വേണാടുമടക്കമുള്ള ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം. ട്രെയിനുകള്‍ ഒന്ന് മുതല്‍ മൂന്ന് മണിക്കൂറുകള്‍ വരെ വൈകാനാണ് സാധ്യതയെന്ന് ഏരിയ മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടില്ലെന്നും ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇരുമ്പനം ബിപിസിഎലില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ പോയിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.