കൊച്ചി മെട്രോ പാളത്തിനു നേരിയ ചരിവ്
കൊച്ചി: മെട്രോ പാളത്തിനു നേരിയ ചരിവ് കണ്ടെത്തി. പത്തടിപ്പാലത്തിനു സമീപം 347-ാം നമ്പര്‍ തൂണിനടുത്താണു പാളത്തില്‍ നേരിയ ചരിവ് കണ്ടെത്തിയത്. കെഎംആര്‍എല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചരിവ് കണ്ടെത്തിയത്.
തുടര്‍ന്ന് ഈ ഭാഗത്ത് ആഴ്ചകളായി വേഗത കുറച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 35 കിലോമീറ്ററാണ് ട്രെയിന്റെ വേഗത. എന്നാല്‍ ഈ ഭാഗത്ത് 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിന്‍ ഓടുന്നത്. വിശദ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആര്‍എല്‍ സ്വന്തം നിലയ്ക്കും പരിശോധന നടത്തുന്നുണ്ട്.
എന്നാല്‍ ചരിവ് ഗുരുതരമല്ലെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. മുകള്‍ ഭാഗത്ത് പരിശോധന കഴിഞ്ഞെന്നും താഴെ ഭാഗത്തു കൂടി വിശദമായ പരിശോധന നടത്തുമെന്നുമാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ചരിവാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതല്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.