‘കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കും’
തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ‘നല്ല ഭക്ഷണം രാജ്യത്തിൻറെ അവകാശമാണ്’ എന്ന ആരോഗ്യ വകുപ്പിൻറെ പ്രചാരണത്തിൻറെ ഭാഗമായാണ് പുതിയ നടപടികൾ.
ടോൾ ഫ്രീ നമ്പർ ഹോട്ടലുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ/ലൈസൻസ് വാങ്ങണമെന്നാണ് സ്ഥാപനങ്ങൾക്ക് വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. കാലവർഷക്കെടുതി കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കാനാണ് വകുപ്പിൻറെ തീരുമാനം.
ഹോട്ടലുകൾക്കെതിരായ പരാതികൾ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.