ബിവറേജസ് ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട
ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വാക്ക്-ഇൻ സംവിധാനം ഓഗസ്റ്റ് ഒന്നിനു മുമ്പ് നടപ്പാക്കണമെന്ന് എംഡിയുടെ നിർദ്ദേശം. റീജണൽ മാനേജർമാർ അത് ചെയ്തില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കടകൾ വാക്ക് ഇൻ സംവിധാനത്തിലേക്ക് മാറുന്നത്. ഇതോടെ ഉപഭോക്താവിനു ക്യൂവിൽ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ കഴിയും.
കോർപ്പറേഷന്റെ 267 ഔട്ട്ലെറ്റുകളിൽ 163 ഔട്ട്ലെറ്റുകളിൽ വാക്ക്-ഇൻ സൗകര്യമില്ല. 49 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിലവിലുള്ള കെട്ടിടത്തിൽ തന്നെ വാക്ക്-ഇൻ സൗകര്യം സ്ഥാപിക്കാമെന്ന് മാനേജർമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ 8 റീട്ടെയിൽ ഔട്ട്ലെറ്റുകൾ 2000 ചതുരശ്ര അടിയിൽ താഴെയുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ, ഈ ഔട്ട്ലെറ്റുകളിൽ വാക്ക്-ഇൻ സംവിധാനം പരിശോധിച്ച് വീണ്ടും നടപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
163 ഔട്ട്ലെറ്റുകളിൽ 80 എണ്ണവും 2,000 ചതുരശ്ര അടിയിൽ താഴെയുള്ള കെട്ടിടത്തിലായതിനാൽ വാക്ക്-ഇൻ സംവിധാനം നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. നിലവിലുള്ള കെട്ടിടത്തിനു സമീപം അധിക സൗകര്യം ലഭ്യമാണെങ്കിൽ അത് ഉപയോഗിച്ച് വാക്ക്-ഇൻ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൻ അധികം സ്ഥലമില്ലെങ്കിൽ, അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തണം.