പി സി ജോര്‍ജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല
പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്ക് ജസ്റ്റിസ് പി സുധാകരൻ പ്രത്യേക സിറ്റിംഗ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പതിവ് ഷെഡ്യൂൾ പ്രകാരം ജോർജിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
വർഗീയ വിദ്വേഷവും വിദ്വേഷവും പരത്തുന്ന പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ വിദ്വേഷ പ്രസംഗം നടത്തി. തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് ജോർജിൻറെ അറസ്റ്റ്.
കൂടുതൽ ചോദ്യം ചെയ്യലിനായി പി.സി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അതേസമയം, വെണ്ണല പ്രസംഗത്തിലും ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.