രാഷ്ട്രപതി കേരളത്തിൽ; വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും
ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തി. പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവർ സ്വീകരിച്ചു. സതേൺ എയർ കമാൻഡ് എ ഒ കമാൻഡിംഗ്-ഇൻ-ചീഫ് എയർ മാർഷൽ ജെ.ചലപതി, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ.സഞ്ജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. വ്യാഴാഴ്ച രാവിലെ 11.30നു നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്ഭവനിൽ തിരിച്ചെത്തി വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂനെയിലേക്ക് തിരിക്കും.