‘തൃക്കാക്കരയിൽ ബി.ജെ.പിയുമായി സി.പി.എമ്മിന് രഹസ്യ ധാരണ’

വോട്ടുകച്ചവടത്തിനായി തൃക്കാക്കരയിൽ ബി.ജെ.പിയുമായി സി.പി.എം രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലമായി തുടരുന്ന ഈ ധാരണ തൃക്കാക്കരയിൽ തുടരാനാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നാണ് വിവരമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള പാക്കേജ് എന്താണെന്ന് അറിയാൻ കേരളീയ സമൂഹത്തിന് താൽപര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ജാതിയുടെയും സാമുദായത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നരേന്ദ്ര മോദി ഗുജറാത്തിൽ ഫലപ്രദമായി നടപ്പാക്കിയ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ ഉപയോഗിച്ച് കേരളത്തിൽ മുഖ്യമന്ത്രി നടത്തിയ പരീക്ഷണവും പാക്കേജിന്റെ ഭാഗമാണ്. അതുകൊണ്ടാണ് തൃക്കാക്കരയിലെ മന്ത്രിമാർ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടർമാരെ കണ്ടത്. രാജ്യത്ത് സി.പി.എമ്മിന്റെ ഏക പച്ചില കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.എമ്മിന്റെ എല്ലാ ദുഷ്പ്രവൃത്തികളും തുറന്നുകാട്ടുന്ന കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തതിനാലാണ് വർഗീയ ശക്തികളുമായി സി.പി.എം കൂട്ടുകൂടുന്നതെന്നും സുധാകരൻ പറഞ്ഞു.