കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ വഴങ്ങാതെ വിമതർ.

റിപ്പോർട്ട്:അക്ഷയ് പേരാവൂർ

കണിച്ചാർ, കേളകം ,കൊട്ടിയൂർ പഞ്ചായത്തുകളിലും യു ഡി എഫിന് വിമത ശല്യം തലവേദനയാകുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷം വരെ നേതൃത്വം ചർച്ച നടത്തിയെങ്കിലും വിമതർ വഴങ്ങിയില്ല.

അഴിമതി ആരോപണങ്ങളും ‘വിജിലൻസ് കേസിനും പുറമേ വിമതശല്യവും
കണിച്ചാറിൽ യു ഡി എഫ് നേതൃത്വത്തിന്
തലവേദന വർധിപ്പിക്കുകയാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച പത്താം വാർഡ് ഓടപുഴയിൽ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറും മുൻ ജില്ലാ പഞ്ചായത്ത് അഗവുമായ സണ്ണി മേച്ചേരിയാണ് ഔദ്യോഗിക സ്ഥാനാർത്ഥി.
യൂത്ത് കോൺഗ്രസ് നേതാവും മണ്ഡലം വൈസ് പ്രസിഡണ്ടുമായ സന്തോഷ് പെരേപ്പാടനാണ് വാർഡിലെ വിമതൻ.

8 ആം വാർഡ് പൂളക്കുറ്റിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി ബിജു കാരയ്ക്കലിനെതിര
ജേക്കബ് വിഭാഗത്തിൽ നിന്നും തോമസ് അമ്പലത്തിങ്കലാണ് വിമത സ്ഥാനാർത്ഥി.
5 ആം വാർഡ് കണിച്ചാറിലും ഔദ്യോഗിക സ്ഥാനാർത്ഥി സന്തോഷ് കുമാറിനെതിരെ
ജേക്കബ് വിഭാഗത്തിലെ തന്നെ സുരേന്ദ്രൻ ചിറയിലാണ് വിമതൻ.

സീറ്റ് വിഭജനത്തിലെ അത്യപ്തിയാണ് ജേക്കബ് വിഭാഗം ഇടയാൻ കാരണമെന്നാണ് വിവരം.
കൊട്ടിയൂർ പഞ്ചായത്ത് അഞ്ചാം വാർഡായ പാൽചുരത്ത് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി റെജി കന്നുകുഴിക്കെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ
ജോസ് കൊച്ചുതറയിലാണ് വിമത സ്ഥാനാർത്ഥി. സ്ഥാനാർത്ഥീ നിർണ്ണയത്തിൽ ഏറെ പ്രശ്നങ്ങൾ നിലനിന്നിരുന്ന
കേളകം പഞ്ചായത്തിലെ 6 ആം വാർഡായ നാരങ്ങാത്തട്ടിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിലെ ഷാഹിന റഷീദിനെതിരെ യുഡിഎഫ് വിമത അന്നമ്മാ കടുവാക്കുഴിയിലാണ് മത്സര രംഗത്ത്. പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷം വരെ നേതൃത്വം വിമതരുമായി ചർച്ച നടത്തിയെങ്കിലുംഫലപ്രാപ്തിയിലെത്തിയില്ല.

വിമതർ മത്സര രംഗത്തുള്ള വാർഡുകളിൽ ഇടതു മുന്നണി നേട്ടം കൈവരിക്കുമോ എന്ന ആശങ്കയിലാണ് യു ഡി എഫ് നേതൃത്വം.