വിദ്യാലയങ്ങളിലെ ‘പരാതിപ്പെട്ടികള്‍’; സ്ഥാപിച്ചില്ലെങ്കിൽ നടപടികര്‍ശനമാക്കും
എലത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പരാതി പെട്ടി സ്ഥാപിക്കാത്ത സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി കർശനമാക്കുന്നത്.
ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി എല്ലാത്തരം പരാതികളും നൽകാൻ സ്കൂൾ ഓഫീസിന് സമീപം പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് കേന്ദ്ര, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ (എൻസിപിസിആർ) നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും സ്കൂളുകൾ പൂർണമായും ഇത് ഏറ്റെടുത്തിട്ടില്ല. എൽ.പി, യു.പി, ഹൈസ്കൂളുകൾക്ക് പുറമെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരാതി പെട്ടികൾ സ്ഥാപിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) വികസിപ്പിച്ചെടുത്ത പോക്സോ ഓൺലൈൻ ഇ-കംപ്ലെയിന്‍റ് ബോക്സുകളുടെ നിലയും പരിശോധിക്കും.