കരസേന അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്ട്

കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിലാണ് റാലി നടക്കുക. അഗ്നിവീർ ജനറൽ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീർ ടെക്നിക്കൽ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, എട്ടാം ക്ലാസ് പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ/ടെക്നിക്കൽ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. പ്രായപരിധി: പതിനേഴര മുതൽ 21 വരെ. 2022-23 വർഷം ഒറ്റത്തവണത്തേക്ക് ഉയർന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്. നാലു വർഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേർക്ക് സേനയിൽ സ്ഥിര നിയമനത്തിന് അവസരമുണ്ട്. ആകർഷകമായ വേതനം, അലവൻസ്, നഷ്ടപരിഹാര വ്യവസ്ഥകൾ.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്സൈറ്റ് കാണുക. വെബ്സൈറ്റ് വിലാസം: https://joinindianarmy.nic.in ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്ത് ഒന്ന് മുതൽ 23 വരെ. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്തവരുടെ അഡ്മിറ്റ് കാർഡ് ഇ-മെയിലിൽ സെപ്റ്റംബർ അഞ്ച് മുതൽ 10 വരെ അയക്കും. കോഴിക്കോട് വെസ്റ്റ് ഹിൽ ബാരക്സ് ആർമി റിക്രൂട്ട്മെൻറ് ഓഫീസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ആർമി റിക്രൂട്ട്മെൻറ് (വടക്കൻ കേരളം) ഡയറക്ടർ അറിയിച്ചു. ഫോൺ: 0495 2383953.