ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി: ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അപകടസാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.
നേരത്തെ ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ, നീരൊഴുക്ക് വർദ്ധിച്ചതിനാൽ, 80 സെന്റീമീറ്റർ ഉയർത്തി. ഡാമിന്റെ 2, 3, 4 ഷട്ടറുകളാണ് ഉയർത്തിയത്. ഏകദേശം 150 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. ഉച്ചയോടെ 200 ക്യുമെക്സ് വെള്ളം തുറന്നുവിടും.
നിലവിൽ 2385.45 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് ഗ്രാമങ്ങളിലും വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.