മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ പണം തട്ടാന്‍ ശ്രമം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ പണം തട്ടാന്‍ ശ്രമം.മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അജ്ഞാതനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ വാട്‌സ് ആപ്പ് നമ്പറിൽ നിന്ന് പണം ചോദിച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദേശം ലഭിച്ചത്. കൊച്ചിയിലെ തീരദേശ സുരക്ഷാ വകുപ്പ് മേധാവി ജെ ജയന്തിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

8099506915 എന്ന നമ്പറിൽ നിന്നാണ് മെസേജ് ലഭിച്ചതെന്ന് ജയന്ത് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആയിട്ടുള്ള വാട്‌സ് ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. പണം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സന്ദേശം. പൊലീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമാനമായ നിലയില്‍ സന്ദേശം ലഭിച്ചതായാണ് സംശയമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.