ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കും ; വിജയേന്ദ്ര പ്രസാദ്
ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാൻ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെക്കുറിച്ച് ഒരു വെബ് സീരീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ബാഹുബലി, ആർആർആർ, ബജ്റംഗി ഭായിജാൻ തുടങ്ങിയ ഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ്എസ് രാജമൗലിയുടെ പിതാവ് കൂടിയാണ്. ഓഗസ്റ്റ് 16 ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് വിജയേന്ദ്ര പ്രസാദ് തന്റെ സിനിമ പദ്ധതികളെക്കുറിച്ച് മനസ് തുറന്നത്.
“എനിക്ക് നിങ്ങളോട് ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വർഷം മുൻപ് വരെ ആർ.എസ്.എസിനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. എന്നാൽ നാല് വർഷം മുമ്പ്, ആർഎസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാൻ ചിലർ എന്നോട് ആവശ്യപ്പെട്ടു. അതിന് പ്രതിഫലം കിട്ടി. ഞാൻ നാഗ്പൂരിൽ പോയി മോഹൻ ഭാഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ചതിന് ശേഷം, ആർഎസ്എസ് എന്താണെന്ന് എനിക്ക് ആദ്യമായി മനസ്സിലായി. ഇത്രയും മഹത്തായ ഒരു സംഘടനയെക്കുറിച്ച് പഠിക്കാത്തതിൽ എനിക്ക് വളരെയധികം ഖേദം തോന്നി,” പ്രസാദ് പറഞ്ഞു.