‘ജഡ്ജി സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസിന് ഉടമ’
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും, സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസാണ് ജഡ്ജിക്കുള്ളതെന്നും ആനി രാജ പറഞ്ഞു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് പൊറുക്കാനാവില്ല. രാജ്യത്തുടനീളം പ്രതിഷേധം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിട്ടുണ്ടെന്നും ശരീരഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു. യുവതി ഇത്തരത്തിൽ പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.