ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പോലീസിന് വിവരങ്ങൾ നൽകിയിട്ടുണ്ട്. പ്രതികൾ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.

കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.

സൈബൽ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് സംശയിക്കുന്നവർ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.

ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദേശം നൽകുകയായിരുന്നു