മദ്യനയ അഴിമതി; മനീഷ് സിസോദിയക്കെതിരെ കേസെടുത്തെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇഡി
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ കേസെടുത്തെന്ന വാർത്തകൾ നിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിസോദിയയ്ക്കെതിരെ കേസെടുത്തതായി ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ സിബിഐ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. മദ്യനയത്തിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെന്ന റിപ്പോർട്ടുകൾ ഉന്നത ഇഡി വൃത്തങ്ങൾ നിഷേധിച്ചു. മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ ഇഡി കേസെടുത്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഉന്നത നേതൃത്വം തള്ളി. കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാങ്കേതികമായി ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. കേസിൽ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇ.ഡി, സി.ബി.ഐയോട് തേടിയിരുന്നു. അതേസമയം, കേസിൽ ഇടനിലക്കാരും മദ്യക്കമ്പനി പ്രതിനിധികളുമടക്കം മൂന്ന് പേരെ സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.