‘കേരളത്തിൽ 56% മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മലയാളം വായിക്കാനറിയില്ല’
ന്യൂഡൽഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ‘നിപുൺ മിഷന്റെ’ ഭാഗമായി എൻസിഇആർടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സർവേ നടത്തിയത്. സംസ്ഥാനത്തെ 104 സ്കൂളുകളിലായി 1,061 വിദ്യാർത്ഥികളിലാണ് സർവേ നടത്തിയത്.
കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് ശരാശരിക്ക് മുകളിൽ മലയാളത്തിൽ പ്രാവീണ്യമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അബദ്ധം ചെയ്യാതെ ഒരു മിനിറ്റിൽ അമ്പത്തിയൊന്നോ അതിലധികമോ വാക്കുകൾ വായിക്കാനും അർത്ഥം മനസ്സിലാക്കാനും അവർക്ക് കഴിയും. ഏകദേശം 28 ശതമാനം വിദ്യാർത്ഥികളും ശരാശരിയോട് അടുത്ത് പ്രാവീണ്യമുള്ളവരാണ്. ഒരു മിനിറ്റിൽ 28 മുതൽ 50 വരെ വാക്കുകൾ കൃത്യമായി വായിക്കാനും മനസ്സിലാക്കാനും അവർക്ക് കഴിയും.