പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതമായി ‘തോര്‍ കിണര്‍’
സമുദ്രത്തിലെ പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ‘തോര്‍ കിണർ’. പസഫിക്കിലെ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോൺ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം പാറകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന്റെ കാഴ്ചയിലുള്ള കൗതുകമാണ് പസഫിക് ഡ്രെയിൻ പൈപ്പ് എന്നും കിണർ എന്നും അറിയപ്പെടാൻ കാരണം. പാറക്കൂട്ടത്തിന് നടുവിലൂടെയെത്തുന്ന തിരമാലകള്‍ ഈ കിടങ്ങില്‍ വീണ് കുഴിയിലേക്കെന്ന പോലെ ഒഴുകി പോകുന്നത് ഇവിടെ കാണാം.
ഒറിഗോണിലെ ഏറ്റവും മനോഹരമായ കേപ് പെര്പ്പെറ്റുവയിലാണ് കിടങ്ങ് സ്ഥിതി ചെയ്യുന്നത്. ഈ കിടങ്ങിന് അടിഭാഗം ഇല്ലെന്ന രീതിയിലാണ് സമുദ്രജലം അതിലേക്ക് വീണ് അപ്രത്യക്ഷമാകുന്നത്. വേലിയേറ്റ സമയത്താണ് ഈ കിടങ്ങിലേക്കുള്ള കടൽവെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നത്. അതിനാൽ, ഈ കിടങ്ങ് ഒരു കിണറിന്റെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വേലിയേറ്റ സമയത്ത് ഈ പ്രദേശം സന്ദർശിക്കേണ്ടതുണ്ട്.