സൈബര്‍ തട്ടിപ്പ്; രാജ്യത്തെ 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി
ന്യൂഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്റർപോൾ എന്നിവിടങ്ങളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഇന്ത്യയിലെ ചില കോൾ സെന്ററുകൾ വ്യാജ ഫോൺ കോളുകൾ നടത്തി യുഎസ് പൗരൻമാരിൽ നിന്ന് പണം തട്ടുന്നുവെന്ന് ആരോപിച്ച് എഫ്ബിഐ ഇന്റർപോളിന് പരാതി നൽകിയിരുന്നു. രാജ്യത്താകമാനം 87 ഇടങ്ങളിൽ സി.ബി.ഐയും 18 ഇടങ്ങളിൽ സംസ്ഥാന പോലീസും പരിശോധന നടത്തി.
ഡൽഹിയിലെ അഞ്ചിടങ്ങളിൽ നടത്തിയ റെയ്ഡിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡിഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.