റെയിൽവേ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ലാലുവിനെ പിന്തുണച്ച് നിതീഷ് കുമാര്‍
പട്ന: റെയിൽവേ റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ലാലുവിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേസിൽ ഒന്നുമില്ലെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിനാലാണ് ലാലുവിനെതിരെ തിരിയുന്നതെന്നും നിതീഷ് പറഞ്ഞു.
‘അഞ്ച് വർഷം മുമ്പ് ഞങ്ങൾ വേർ പിരിഞ്ഞു. ഞാൻ അന്ന് എല്ലാം കണ്ടിട്ടുണ്ട്, അതിൽ ഒന്നുമില്ല. ബിജെപിയുമായുള്ള സഖ്യം വേർപെടുത്തിയതോടെ അത് വീണ്ടും കുത്തിപ്പൊക്കി. അവർക്ക് തോന്നുന്നതെന്തോ അത് അവർ ചെയ്യുന്നു, നമുക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ?’ നിതീഷ് കുമാർ പറഞ്ഞു.
ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരുൾപ്പെടെ 16 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. റെയിൽവേയിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. യു.പി.എ സർക്കാരിന്റെ കാലത്ത് ലാലു റെയിൽവേ മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം.