വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കൺസഷൻ റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. നിലവിൽ സർക്കാർ അനുവദിക്കുന്ന തരത്തിലുള്ള എല്ലാ യാത്രാ സൗജന്യങ്ങളും അതേപടി തുടരും. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്ന അഞ്ചൽ-കൊട്ടിയം റൂട്ടിൽ വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും 1994 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഈ റൂട്ടിൽ പുതിയതായി കൺസഷൻ അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഇത് തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്ത പ്രചരിപ്പിക്കുന്നതെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ ഐ.എ.എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
40 മുതൽ 48 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസുകളിൽ വിദ്യാർത്ഥികൾക്ക് 25 സീറ്റുകൾ കാലാകാലങ്ങളായി അനുവദിച്ചിട്ടുണ്ട്. ഇളവ് അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിലും വിദ്യാർത്ഥികൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും നേരിടാതിരിക്കാൻ കുറഞ്ഞത് ഒരു ബസെങ്കിലും ഇതിനായി സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇളവ് അനിയന്ത്രിതമായി നൽകാൻ കഴിയില്ല. 48 സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസിൽ ഇപ്പോൾ 25 സീറ്റുകൾ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള യാത്രക്കാർക്ക് 15 മുതൽ 23 വരെ സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ.
ഇത് അത്തരം റൂട്ടുകളിലെ മറ്റ് യാത്രക്കാരുടെ യാത്രാ സൗകര്യത്തെ ദോഷകരമായി ബാധിക്കും. 25 ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. ഇതിനായുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഗ്രാമവണ്ടി/വിദ്യാർത്ഥി ബോണ്ട് മാതൃകയിൽ വിദ്യാർത്ഥികൾക്കായി പരമാവധി ബസുകൾ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ ഇത് സ്പോൺസർ ചെയ്യാൻ തയ്യാറാവണം.