മഹാരാഷ്ട്ര അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയിട്ട് 9 വര്ഷം
മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാടിയ നരേന്ദ്ര ദബോർക്കറുടെ കൊലപാതകത്തെ തുടർന്നാണിത്. ഒൻപത് വർഷം മുമ്പ് നിയമസഭ നിയമം പാസാക്കിയെങ്കിലും ചട്ടം രൂപീകരിക്കാത്തതിനാൽ ഇപ്പോഴും നിയമം നടപ്പാക്കിയിട്ടില്ല. അന്ധവിശ്വാസത്തിനെതിരെ പോരാടിയതിന് തന്റെ ജീവൻ വിലകൊടുക്കേണ്ടി വന്ന ഒരു മനുഷ്യനായിരുന്നു നരേന്ദ്ര ദബോർക്കർ. അതുവരെ മടിച്ചുനിന്ന സർക്കാരുകൾ ഒടുവിൽ അദ്ദേഹത്തിന്റെ മരണശേഷം നീതി നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് 2013 ൽ മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ നിയമം പാസാക്കിയത്.
നിയമം തെറ്റെന്ന് പറയുന്ന 13 ഇനങ്ങളുണ്ട്. മന്ത്രവാദം, മർദ്ദനം, ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിക്കൽ, മനുഷ്യ വിസർജ്ജനം കഴിപ്പിക്കൽ, ആഭിചാര ക്രിയകൾ, അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കുക, അതിന്റെ പേരിൽ ആളെ കൂട്ടുക, പ്രേതം ഭൂതം എന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുക, പൂജയുടെ ഭാഗമായി നഗ്നതാ പ്രദർശനം മുതലായവയാണത്. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയത്. നരബലി കൊലപാതകക്കുറ്റമായതിനാൽ കൊലക്കയർ വരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലുണ്ട്. മറ്റ് കുറ്റങ്ങൾക്ക് ആറ് മാസം മുതൽ പരമാവധി ഏഴ് വർഷം വരെയാണ് തടവ് ശിക്ഷ.
നിയമസഭ നിയമം പാസാക്കി കാലങ്ങൾ കഴിഞ്ഞിട്ടും ചട്ടങ്ങൾ രൂപീകരിക്കാൻ ഒരു സർക്കാരും മുന്നോട്ട് വന്നിട്ടില്ല. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒൻപതംഗ കുടുംബത്തിന്റെ കൂട്ടമരണം മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് ജൂണിൽ പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൂനെയിലും സത്താരയിലും സമാനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.