മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം അനുമതിയോടെയെന്ന് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ്. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയപ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നീട് അനുമതി തേടിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നോർവേയും ഇംഗ്ലണ്ടും സന്ദർശിക്കാൻ പിണറായി വിജയൻ ആദ്യം അനുമതി തേടിയിരുന്നു. ഇതിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണാൻ ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രാനുമതി വിദേശകാര്യ സെക്രട്ടറി മുഖേനയാണ് വിദേശകാര്യ മന്ത്രിക്ക് നൽകുന്നതെന്നും ഇക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നോർവേയിലേക്കും ഇംഗ്ലണ്ടിലേക്കും യാത്ര ചെയ്യാൻ അനുമതി ലഭിച്ചതിന് ശേഷം ആ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി തേടുന്നതിൽ തെറ്റില്ലെന്ന് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രയ്ക്കിടെ മുഖ്യമന്ത്രി മണിക്കൂറുകൾ മാത്രം യുഎഇയിൽ തങ്ങുകയാണെങ്കിൽ വിമാനത്താവളത്തിൽ വിശ്രമിക്കാം. ഇതിന് പ്രത്യേക അനുമതി ആവശ്യമില്ല.