ചരിത്രം കുറിച്ച് രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം
കെയ്റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് കൗമാരക്കാരനായ രുദ്രാന്‍ക്ഷ് സ്വർണം നേടിയത്.
താരത്തിന് 18 വയസ്സ് മാത്രമാണ് പ്രായം. 2006ന് ശേഷം ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ കളിക്കാരനായി രുദ്രാന്‍ക്ഷ് മാറി. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തിൽ മുൻപ് സ്വർണം നേടിയത്.
അടുത്തിടെ സമാപിച്ച ദേശീയ ഗെയിംസിലും രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയിരുന്നു. ഫൈനലിൽ ഇറ്റലിയുടെ ഡി ഡി സൊലാസോയെ പരാജയപ്പെടുത്തിയാണ് മഹാരാഷ്ട്ര സ്വദേശിയായ രുദ്രാന്‍ക്ഷ് സ്വർണം നേടിയത്. ഒരു ഘട്ടത്തിൽ 4-10ന് പിന്നിലായിരുന്ന രുദ്രാന്‍ക്ഷ് പിന്നീട് 17-13 എന്ന സ്കോറിന് വിജയം നേടുകയായിരുന്നു. സൊലാസോ വെള്ളിയും ചൈനയുടെ ലിഹാവോ ഷെങ് വെങ്കലവും നേടി.