രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ വർഷം 1,06,000 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതി ദരിദ്രർക്കും മുൻഗണന നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച ശേഷം തദ്ദേശ സ്ഥാപനങ്ങൾ വീട് അനിവാര്യമായവരെ കണ്ടെത്തി ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.
ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങൾ ഒരു മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറും. പട്ടികവർഗ സങ്കേതങ്ങളിൽ വീടുകൾ നിർമ്മിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ സഹായധനം നൽകും. മറ്റുള്ളവർക്ക് 400,000 രൂപ.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,11,000 വീടുകൾ പൂർത്തിയായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എസ്.ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.