റോള്‍സ് റോയ്സ് ആദ്യ ഇവി അവതരിപ്പിച്ചു; സ്പെക്ടർ 2023 ൽ എത്തും
ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്സ് പൂർണ്ണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ കാർ അവതരിപ്പിച്ചു. സ്പെക്ടർ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ രണ്ട് വാതിലുകളുള്ള ഫാന്റം കൂപ്പെയുടെ പിൻഗാമിയായാണ് എത്തുന്നത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്പെക്ടർ 2023 പകുതിയോടെ പരീക്ഷണ ഓട്ടത്തിന് ശേഷം നിരത്തിലിറങ്ങും. 2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് ആകാനാണ് റോൾസ് റോയ്സ് ലക്ഷ്യമിടുന്നത്.
റോൾസ് റോയ്സ് സ്പെക്റ്ററിന് 520 കിലോമീറ്റർ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. പൂജ്യത്തിൽ നിന്ന് 4.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 585 എച്ച്പി പവറും 900 എൻ എം ടോർക്കുമേകുന്നതാണ് സ്പെക്ടർ. ബാറ്ററി പായ്ക്ക്, ചാർജിംഗ് സ്പീഡ് തുടങ്ങിയ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.