ചാൻസലറുടെ നിർദ്ദേശമനുശരിച്ച് അയോഗ്യനായ കണ്ണൂർ സർവ്വകലാശാല വി.സി. രാജിവെച്ച് പുറത്ത് പോകണം : എബിവിപി
യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി വിസി നിയമനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളെ അക്കാദമിക വളര്‍ച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അധികാരമുണ്ടെങ്കില്‍ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും ജന്മാവകാശമാണെന്നു കരുതുന്നവരാണ് നിലവിലെ സർക്കാർ. യോഗ്യതയും പഠനവിഷയങ്ങളിലെ പാണ്ഡിത്യവും ബോധനമികവും നിരസിക്കപ്പെടുകയും പാർട്ടി പ്രവർത്തനവും നേതാക്കന്മാരുടെ ദാസ്യപ്പണിയും മാത്രം മാനദണ്ഡമാക്കുകയും ചെയ്തതോടുകൂടി ഉന്നത വിദ്യാഭ്യസ രംഗത്ത് കേരളത്തിന്റെ നിറം കെടുത്തി.
ഉന്നത വിദ്യാഭ്യസ രംഗത്ത് കേരളം കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങൾ ഊതി വിറപ്പിച്ച ബലൂൺ പോലെയാണ്. ഉന്നത വിദ്യാഭ്യസത്തിന് വേണ്ടി വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുകയാണ്.
നമ്മുടെ സർവകലാശാലകളിൽ അർഹതയുള്ള വിസിമാരല്ല എന്നുള്ളതിന് തെളിവാണ് കേരള സർവകലാശാല വിസി ഡി ലിറ്റുമായി ബന്ധപ്പെട്ട് ഗവർണർക്കയച്ച കത്തിലെ തെറ്റുകളുടെ ജാഥ. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു സംവിധാനം എന്നതിനു പകരം, പാർട്ടി പ്രവർത്തകർക്ക് നിയമനം നൽകുന്ന ഒരു ഏജന്‍സി എന്ന നിലയിലാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നത്. പദവികളുടെ കൊടുക്കല്‍ വാങ്ങലുകളാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിലും പ്രിയ വര്‍ഗീസിന്റെ നിയമനത്തിലും ഉണ്ടായിരുന്നത്. സർവ്വകലാശാലകൾ ഈ രീതിയിൽ അധഃപതിക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാവുന്നതല്ല.
സർവകലാശാലയുടെ നിയമപരമായ ചട്ടക്കൂട് വിശുദ്ധമായി പരിപാലിക്കാനും കാലികമായി മാറ്റാനും അവയ്‌ക്കെതിരായി എന്ത് നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് തിരുത്താനുള്ള അധികാരം ചാൻസിലർക്കുണ്ടെന്നുള്ള ബോധ്യം സർക്കാർ മനസിലാക്കണം.
ഈജിയന്‍ തൊഴുത്തുകളായി മാറിക്കഴിഞ്ഞ കേരളത്തിലെ സര്‍വകലാശാലകളെ വീണ്ടെടുക്കാൻ സർക്കാർ ഗവർണ്ണറൊടൊപ്പം നിൽക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് എബിവിപി പൂർണ്ണ പിന്തുണ നൽകുമെന്നും എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം അഭിനവ് തുണേരി പറഞ്ഞു.
യു.ജി.സി ചട്ടം ലംഘിച്ച് നിയമിതനായ കണ്ണൂർ സർവ്വകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കയയിരുന്നു അദ്ദേഹം. പ്രതിഷേധ മാർച്ച് കണ്ണൂർ യൂനിവേഴ്സിറ്റിക്ക് സമീപം പോലീസ് തടഞ്ഞു തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂർ ജില്ല പ്രസിഡന്റ് വി.എസ് അർജ്ജുൻ സംസ്ഥാന സമിതി അംഗം എം.അർജ്ജുൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ അക്ഷയ്.കെ, ഹൃദീക് തുടങ്ങിയവർ നേതൃത്ത്വം നൽകി.