സതീശൻ പാച്ചേനി വിടവാങ്ങി
കണ്ണൂർ : കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. കെ പി സി സി അംഗവും മുന്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനുമായ സതീശന്‍ പാച്ചേനി തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കാലത്ത് മരണം സംഭവിച്ചത്.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്. പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാർട്ടി പ്രവർത്തകർക്കിടയിൽ വേറിട്ട നേതാവാക്കിയത്.
സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു.
തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.