ടെക് ഭീമൻ മെറ്റയുടെ വരുമാനം താഴേയ്ക്ക്; നാല് ശതമാനം ഇടിവ്
ന്യൂയോര്‍ക്ക്: 2022 ന്റെ മൂന്നാം പാദത്തിൽ, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ വരുമാനം 4 ശതമാനം കുറഞ്ഞു. മെറ്റയുടെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന് മൂന്നാം പാദത്തിൽ ശരാശരി 1.984 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളുണ്ടെന്നാണ് മെറ്റയുടെ കണക്ക്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 16 ദശലക്ഷത്തിലധികം അംഗങ്ങളുടെ വർദ്ധനവുണ്ട്.
2021 ന്റെ അവസാന പാദത്തിൽ പ്രതിദിന ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 1 ദശലക്ഷം കുറഞ്ഞിരുന്നെന്നാണ് കണക്ക്. അതേസമയം, മെറ്റയുടെ പ്രധാന വരുമാനമായ പരസ്യ വരുമാനത്തിൽ ഇടിവുണ്ടായതും, വർദ്ധിച്ചുവരുന്ന ചെലവും വരുമാനം കുറയാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, മെറ്റവെർസ് ശ്രമങ്ങൾക്കായി ഒരു വലിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും അത് വരുമാനമൊന്നും നൽകുന്നില്ലെന്നാണ് റിപ്പോർട്ട്.
വെറൈറ്റി റിപ്പോർട്ട് അനുസരിച്ച്, 2022 ന്റെ മൂന്നാം പാദത്തിൽ മെറ്റയുടെ മൊത്തം വരുമാനം 27.71 ബില്യൺ ഡോളറും അറ്റ വരുമാനം 4.4 ബില്യൺ ഡോളറുമാണ്. വാൾസ്ട്രീറ്റ് ജേണൽ മുമ്പ് പ്രവചിച്ച വരുമാനത്തേക്കാൾ കുറവാണിതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പാദത്തിൽ, മെറ്റയ്ക്ക് വരുമാനത്തിൽ ഒരു ശതമാനം നഷ്ടമുണ്ടായിരുന്നു.