എച്ച്ഐവി ബാധിതർക്ക് ആശ്വാസം; പെൻഷന് 11 കോടി അനുവദിച്ച് ആരോഗ്യവകുപ്പ്
എറണാകുളം: എച്ച്ഐവി ബാധിതരായവർക്ക് പെൻഷൻ നൽകാൻ 11 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച്ഐവി ബാധിതർക്ക് പെൻഷൻ നൽകാൻ 21,57,42,000 രൂപ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിൽ വളരെയധികം ദുരിതമനുഭവിക്കുകയും ഒറ്റപ്പെട്ടു കഴിയുകയും ചെയ്യുന്ന എച്ച്ഐവി രോഗികൾക്ക് പ്രതിമാസം 1,000 രൂപ പെൻഷനായി സർക്കാർ നൽകുന്നു. ഈ തുക ഉടൻ വിതരണം ചെയ്യാൻ കമ്മിഷൻ ആരോഗ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ആറ് മാസമായി എച്ച്ഐവി ബാധിതരായവർക്ക് പെൻഷൻ നൽകുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് നേടിയിട്ടുണ്ട്. 2020 ജൂൺ മുതൽ 2021 ജൂൺ വരെ പെൻഷൻ നൽകാൻ 11,05,95,000 രൂപ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ കേന്ദ്രങ്ങളിലാണ് 2021 മെയ് വരെ കുടിശ്ശിക അടച്ചത്. 2023 മാർച്ച് വരെ ധനസഹായം നൽകാൻ 18,46,66,000 രൂപയും 2023 മാർച്ച് വരെ സാമ്പത്തിക സഹായം നൽകാൻ 1,66,76,000 രൂപയും 2021 ജൂണിനും 2022 ഫെബ്രുവരിക്കും ഇടയിൽ ലഭിച്ച 758 പുതിയ അപേക്ഷകർക്ക് 2023 മാർച്ച് വരെ ധനസഹായം നൽകാൻ 1,66,76,000 രൂപയും വേണം.