സംസ്ഥാനത്ത് 258 സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്നു
കൊല്ലം: സംസ്ഥാനത്തെ 258 സ്കൂളുകളിൽ ജ്യോഗ്രഫി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന കേരള സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി.
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ പഠന കേന്ദ്രമായ അന്തരീക്ഷ റഡാർ റിസർച്ച് സെന്ററിൽ(അക്കാർ) നടന്ന പരിശീലനത്തിൽ 40 ഓളം അധ്യാപകർ പങ്കെടുത്തു. മറ്റ് അധ്യാപകർക്കുള്ള പരിശീലനം ഇവരുടെ നേതൃത്വത്തിലായിരിക്കും. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ദേശീയ അവാർഡ് നേടിയ ഡോ. മോഹൻ കുമാർ, അക്കാർ ഡയറക്ടർ ഡോ. അഭിലാഷ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
കാലാവസ്ഥാനിരീക്ഷണത്തിനും പ്രാദേശികതലത്തിലെ ദുരന്തമുന്നറിയിപ്പുകൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സഹായമാകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി പൊതുവിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.