ചൈന സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ചു; 30 വര്‍ഷത്തിനിടെ ആദ്യം
ബീജീങ്ങ്: ലിംഗവിവേചനം, ലൈംഗികാതിക്രമം എന്നിവയിൽ നിന്ന് സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി റിപ്പോർട്ട്. 30 വർഷത്തിനിടെ ഇതാദ്യമായാണ് ചൈന വനിതാ സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിയമം ഭേദഗതി ചെയ്യണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പുനരവലോകന യോഗങ്ങൾക്ക് ശേഷം നിയമനിർമ്മാണത്തിനായി പാർലമെന്റിൽ സമർപ്പിച്ച പരിഷ്കാരങ്ങൾ ഇന്നലെ ചൈനീസ് പാർലമെന്റ് അംഗീകരിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്തു.
ദരിദ്രരായ സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, വികലാംഗരായ സ്ത്രീകൾ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളുടെയും താൽപ്പര്യങ്ങളുടെയും സംരക്ഷണത്തെ ഈ നിയമം ശക്തിപ്പെടുത്തുന്നുവെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗർഭച്ഛിദ്ര നിയന്ത്രണ മനോഭാവം ഉൾപ്പെടെ, സ്ത്രീകളുടെ പരമ്പരാഗത കടമകളുടെ മൂല്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ വർദ്ധിച്ചുവരുന്ന വാചക കസര്‍ത്തുകള്‍ ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്ക് തിരിച്ചടിയാണെന്ന് അവർ ആരോപിച്ചു.
എന്നിരുന്നാലും, നിയമം എത്രത്തോളം ശക്തമാണെന്ന് പറയാൻ ഇപ്പൊൾ സാധിക്കില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ നിയമത്തിൽ എത്രത്തോളം യാഥാസ്ഥിതിക നിലപാടുകൾ ഉണ്ടെന്ന് വ്യക്തമല്ല. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇത്തരമൊരു നിയമപരിഷ്കരണത്തിന് തയ്യാറാകുന്നത്. ‘സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷണ നിയമം’ എന്ന് പേരിട്ടിരിക്കുന്ന ബിൽ കഴിഞ്ഞ വെള്ളിയാഴ്ച നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വെബ്സൈറ്റിൽ പാസായതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെയാണ് പാർലമെന്റ് ഇത് അംഗീകരിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. പുതുക്കിയ നിയമം 2023 മുതൽ പ്രാബല്യത്തിൽ വരും.