ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വ‌ഞ്ചന കേസുകളും രജിസ്റ്റർ ചെയ്തു.

കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വ‌ഞ്ചന കേസുകളും രജിസ്റ്റർചെയ്തു.അതേസമയം കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം ഇതോടെ 41 വ‌ഞ്ചന കേസുകളായി. മടക്കര, കാടങ്കോട് സ്വദേശികളായ നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്തേര പൊലീസ് നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റ‍ർചെയ്തത്.  സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പിപി മൊയ്തീൻ കുട്ടിക്കാണ് അന്വേഷണ ചുമതല. കണ്ണൂർ  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരൻ, ഇൻസ്പെക്ടർമാരായ അബ്ദുൾ റഹീം, മാത്യ, മധൂസൂദനൻ എന്നിവരും അന്വേഷണ സംഷത്തിലുണ്ട്. 13 എഫ്ഐആ‌ർ രജിസ്റ്റർ ചെയ്തെന്നും ലോക്കൽ പൊലീസിൽ നിന്ന് കൂടുതൽ കേസ് ഫയലുകൾ കിട്ടാനുണ്ടെന്നും ക്രൈംബ്രാ‌ഞ്ച് എസ്പി പിപി മൊയ്തീൻകുട്ടി അറിയിച്ചു. എംഎൽഎയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഇതിന് ശേഷമാകും തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *