എഐഡിഡബ്ല്യുഎ സംസ്ഥാന സമ്മേളനം; ശൈലജയെ മന്ത്രിയാക്കാത്തതിൽ വിമർശനം
ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചർച്ചയിൽ ചില പ്രതിനിധികൾ കുറ്റപ്പെടുത്തി.
സംഘടനാപരവും വ്യക്തിപരവുമായ മികവ് തെളിയിച്ച അത്തരം സ്ത്രീകളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രതിനിധികൾ ഓർമ്മിപ്പിച്ചു. ശൈലജയ്ക്ക് പകരം മന്ത്രിയായ വീണാ ജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും ചില പ്രതിനിധികൾ ആരോപിച്ചു.
ബുധനാഴ്ച നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും. സൂസൻകോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത. ചൊവ്വാഴ്ച സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, കിസാൻ സംഘം സംസ്ഥാന പ്രസിഡന്‍റ് എം.വിജയകുമാർ, കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.