ബന്ധുക്കള്‍ക്ക് സ്വപ്‌നയെ കാണാന്‍ അനുമതി

സ്വപ്നയുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിന്റെ പകര്‍പ്പുമായി ബന്ധുക്കള്‍ തൃശൂരിലേക്ക് പോയി.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി ലഭിച്ചു.ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ സ്വപ്നയെ നേരില്‍ക്കണ്ട് ഒരു മണിക്കൂര്‍ സംസാരിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിന്റെ പകര്‍പ്പുമായി സ്വപ്നയുടെ ബന്ധുക്കള്‍ തൃശൂരിലേക്ക് പോയി.

നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ ഇന്നലെ വീണ്ടും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആറു ദിവസമാണ് സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞത്. മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷമാണ് രണ്ട് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്തത്. സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനകം മറ്റൊരു പ്രതി റമീസിനെയും വയറുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

സ്വപ്ന സുരേഷിനെ ചികില്‍സിച്ച നഴ്‌സുമാരുടെ ഫോണ്‍ വിളികളില്‍ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് നഴ്‌സുമാരോട് വിശദീകരണം തേടി.സ്വപ്ന ഫോണ്‍ വിളിച്ചിട്ടില്ലെന്നാണ് നഴ്‌സുമാരുടെ വിശദീകരണം. പൊലീസുകാര്‍ കാവലുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ തടസമുണ്ടോയെന്ന് പരിശോധിക്കും.

അതേസമയം, സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു.സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും എംഎല്‍എ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *